സ്കൂളുകളില്‍ ലഭ്യമായ കംപ്യുട്ടറുകള്‍ ഉപയോഗിച്ച് നമ്മുടെ കുട്ടികളെയും, രക്ഷിതാകളെയും, എന്തിനു നമ്മുടെ ചുറ്റുപാടും ഉള്ളവരെപ്പോലും എങ്ങിനെ സഹായിക്കാമെന്നു നമുക്ക് നോക്കാം.
ഞങ്ങള്‍ എസ്. ആര്‍. വി. അപ്പര്‍ പ്രൈമറി സ്കൂളില്‍ ചെയ്തത് പറയട്ടെ! സര്‍ക്കാര്‍ സ്കൂളുകള്‍ മികവിന്‍റെ കേന്ദ്രമാക്കാന്‍, എം.എല്‍.എ. ഫണ്ടില്‍ നിന്നും ശ്രീ ഹൈബി ഈഡന്‍ സമ്മാനമായി നല്‍കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉപയോഗിച്ച് കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് കൌണ്‍സില്‍ നടത്തുന്ന സ്കൂള്‍സ് ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ അംഗമായി. ഇന്നാട്ടിലെയും, ഇന്ന് എസ്. ആര്‍. വി. സ്കൂളില്‍ വിദേശത്തെ പല സ്കൂളുകളുമായും ദിവസവും ഓണ്‍ലൈനില്‍ കൂട്ടായ പഠനം നടക്കുന്നു.
ലോകത്തിലെ എല്ലാ സ്കൂളുകള്‍ക്കും മേല്പറഞ്ഞ പരിപാടിയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന സ്കൂളിന്, പാര്‍ട്ട്‌നര്‍ സ്കൂള്‍ സന്ദര്‍ശിക്കാനുള്ള ചെലവു ബ്രിട്ടീഷ് കൌണ്‍സില്‍ നല്‍കും. ആ പണം ഉപയോഗിച്ച് കുട്ടികളെ Cultural Exchange ന് വിടാം!! നമ്മുടെ കുട്ടികള്‍, അദ്ധ്യാപകരോടൊപ്പം വിദേശ രാജ്യങ്ങളില്‍ പോകും, ലോകോത്തര പൌരന്മാര്‍ ആയിത്തീരും!!
Spoken English എല്ലാവരെയും ശാക്തീകരിക്കുന്നു. ആഗോള ഭാഷയാകയാല്‍ എല്ലാ രാജ്യങ്ങളും ഇംഗ്ലിഷ് പഠനത്തിനു താല്പര്യം കാണിക്കുന്നുണ്ട്. ഇംഗ്ലിഷ് പഠനത്തിലൂടെ ലോക സമാധാനം ലക്ഷ്യമാക്കുകയാണ് ബ്രിട്ടീഷ് കൌണ്‍സില്‍. സ്കൈപ് ഉപയോഗിച്ച്, മറുനാടന്‍ കുട്ടികളോട് സംസാരിച്ചാല്‍ അവര്‍ക്കും, നമുക്കും ഇംഗ്ലിഷ് പഠിക്കാന്‍ സഹായമാവും. സ്കൂളുകളിലൂടെ കുട്ടികളെ പരിചയപ്പെടാം. പിന്നാലെ, ടീച്ചര്‍മാരെയും അവരുടെ വീട്ടുകാരെയും പരിചയപ്പെടാം. കുട്ടികളുടെ വീട്ടുകാരെയും ഓണ്‍ ലൈനില്‍ പരിചയപ്പെടാം. ഇത്തരത്തില്‍ Social Networking Homes നമുക്ക് അനന്തമായ സാമ്പത്തിക സാധ്യതകളും തുറന്നു തരും.
ഇംഗ്ലിഷ് പഠിക്കാന്‍ ഞങ്ങള്‍ ചെയ്യുന്ന രീതി കാണുക. ഞങ്ങളുടേത് ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ ആകയാല്‍, ഈ കുട്ടികളേക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളോട് സംസാരിച്ച്, ഇളയ കുട്ടികളെ ഓണ്‍ലൈനില്‍ പഠിപ്പിക്കുവാനും SRVയിലെ കുട്ടികള്‍ സമയം കണ്ടെത്തുന്നു. അതിനായി മറ്റൊരു നല്ല പാഠം സ്കൂളായ എല്‍.എം.സി. ലോവര്‍ പ്രൈമറി സ്കൂളുമായി ഞങ്ങള്‍ സഹകരിക്കുന്നു.
കൂട്ടായ പഠനത്തിനു ഇവര്‍ക്ക് വേണ്ട സഹായം തേടാന്‍ സെന്‍റ് ആല്‍ബെര്‍ട്ട്സ് ഹൈയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികളുമായി ഓണ്‍ലൈനില്‍ പഠിക്കുന്നു.
കുട്ടികളോടൊപ്പം സെന്‍റ് ആല്‍ബെര്‍ട്ട്സ് സ്കൂളിലെ കുട്ടികളുടെ അമ്മമാരും പഠിക്കുന്നുണ്ട്. ഇത്തരത്തില്‍ അമ്മ മാരെക്കൂടി പങ്കെടുപ്പിക്കുന്നതിലൂടെ, കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍, അതിന്‍റെ ചതിക്കുഴികളില്‍ വീഴാതെ അമ്മ മാര്‍ തന്നെ കാത്തു കൊള്ളും.
സെന്‍റ് ആല്‍ബെര്‍ട്ട്സ് സ്കൂളിലെ ഇംഗ്ലിഷ് ടീച്ചര്‍ വിനിത ചാര്‍ളിയാണ് അമ്മമാരെ പഠിപ്പിക്കുന്നത്.
ഓസ്ട്രേലിയയിലെ ഹാക്ടെല്‍ കോളേജ് ഞങ്ങളുടെ കുട്ടികളുടെ കൂടെ ബിസിനസ് പാഠങ്ങള്‍ കളിക്കുന്നു. SRV സ്കൂളിലെ കുട്ടികളുടെ ചിരട്ടയില്‍ തീര്‍ത്ത കരകൌശല ഉല്‍പ്പന്നങ്ങള്‍ മറുനാടന്‍ സ്കൂളികളിലെ കുട്ടികളെ കാണിച്ചു കൊടുത്തു, ആ നാട്ടില്‍ നിന്നും ഓര്‍ഡര്‍ എടുക്കാനും, അവിടെ അത് വില്‍ക്കാനും ഉള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍, ഇവര്‍ കളിയായി ബിസിനസ് പഠിക്കുകയാണ്.
ഈ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയന്‍ സ്കൂളിലെ കുട്ടികള്‍ അവിടെ Market Day നടത്തി ഓസ്ട്രേലിയയിലെ സ്കൂളില്‍ തന്നെ വില്‍ക്കാന്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നു. ബിസിനസ് പാഠങ്ങള്‍ ബിസിനസ് കളികളിലൂടെ തന്നെ പഠിക്കുന്നതോടൊപ്പം:
- കത്തിടപാടുകള്‍ Word Processing, ഇമെയില്‍ എന്നിവ വഴി നടത്തുന്നു.
- ബിസിനസ് വരവ് ചെലവു കണക്ക് Excel Spreadsheetല്‍ എഴുതി,
- ബിസിനസ് പാഠങ്ങള്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച് നേരിട്ട് പഠിക്കുന്നു.
- ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പഠിക്കാന്‍ PowerPoint ഉപയോഗിക്കുന്നു.
- വീഡിയോ സംസാരത്തിലൂടെ ഇംഗ്ലിഷും, ഓണ്‍ലൈന്‍ സംസ്കാരവും പഠിക്കുന്നു.
ഈ Coconut Shell ബിസിനസ് പഠന പരിപാടി ഉല്ഘാടനം ചെയ്തത് Coconut Development Board Marketing Director ശ്രീ സെബാസ്റ്റ്യന്‍ ആയിരുന്നു. മറ്റു രാജ്യങ്ങളുമായി ഇടപഴകി പഠിക്കുന്നതിലൂടെ ആഗോള പൌരന്മാര്‍ ആയിത്തീരുകയാണ് ഈ കുട്ടിക്കൂട്ടം.
മേലധികാരികളുടെ അനുവാദവും, സഹായ സഹകരണങ്ങളും ഉണ്ടെങ്കില്‍, സ്കൂളില്‍ നിന്നും കയറ്റുമതി ചെയ്യാനും കഴിഞ്ഞേക്കും. ടീച്ചര്‍മാര്‍ക്ക് ഇംഗ്ലിഷ് പഠിക്കാനും, കുട്ടികളെ നന്നായി പഠിപ്പിക്കാനും സ്കൂള്‍ ടെഡ് കൂട്ടായി പഠിക്കേണ്ട പാഠങ്ങള്‍ എന്ന വിഭാഗത്തില്‍ അംഗത്വം നേടിക്കഴിഞ്ഞു.
സ്മാര്‍ട്ട് ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍ വീട്ടില്‍ ഉള്ളവര്‍ക്ക് അമ്മമാരുടെ സഹായത്തോടെ പഠിക്കുന്നതിനു അവസരം ഒരുക്കുന്നു. എന്നും വൈകിട്ട് 7 മണി മുതല്‍ 8 മണി വരെ ഹെഡ് മിസ്ട്രസ്സ് സുജാതംബിക ഓണ്‍ലൈനില്‍ ക്ലാസ്സ് എടുക്കുന്നു.
എല്ലാ കുട്ടികളുടെയും രക്ഷിതാക്കളെ ഇ-സാക്ഷരരാക്കാനുള്ള ശ്രമം നടന്നു വരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭുവന്‍, അമ്മയായ ലാജോ എന്നിവര്‍ ഇപ്പോള്‍ തന്നെ വീട്ടിലിരുന്നു സുജാതാംബിക ടീച്ചറിന്‍റെ ഓണ്‍ലൈന്‍ ക്ലാസില്‍ ഇംഗ്ലിഷ് പഠിക്കുന്നുണ്ട്.
സ്വന്തമായി കംപ്യൂട്ടര്‍ ഇല്ലാത്തവര്‍ക്ക് പഠന സൗകര്യം ഒരുക്കാന്‍ അമ്മക്കൂട്ടായ്മകള്‍ ഉണ്ടാക്കാനും, ഇന്റെര്‍നെറ്റ് പഠന കേന്ദ്രങ്ങള്‍ തുടങ്ങാനും PTA യുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കുന്നു. PTA യുടെ സ്ത്രീ ശാക്തീകരണത്തിനായി ലണ്ടനിലെ സ്ത്രീ ശാക്തീകരണ പഠന പരിപാടിയായ ടെക് മംസ് അംഗീകാരം നേടാന്‍ ശ്രമിക്കുന്നുണ്ട്. അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍, സ്കൂള്‍ നേതൃത്വത്തിലെ സ്ത്രീക്കൂട്ടായ്മകള്‍ ഇ-മികവിന്‍റെ Techmums പരിശീലന കേന്ദ്രങ്ങളാവും.
സന്നദ്ധ സേവകരായ വിമന്‍ ഓഫ് വിക്കി, ഹലോ ലിറ്റില്‍ വേള്‍ഡ് സ്കൈപെഴ്സ് എന്നീ അദ്ധ്യാപക കൂട്ടായ്മകളുടെ സൌജന്യ സഹായം തേടിയിട്ടുണ്ട്.
കണക്ക് രസകരമാക്കാന്‍ www.geogebra.org യില്‍ അംഗത്വം നേടിയിട്ടുണ്ട്. സൌജന്യമായി പഠിക്കാനും, പഠിപ്പിക്കാനും നമുക്ക് കിട്ടുന്ന സ്വതന്ത്ര സൌജന്യ കണക്ക് പഠന പാഠമാണ് ജിയോഗബ്ര.
ആഗോള അദ്ധ്യാപകര്‍ക്ക് ഒരു പൂന്തോട്ടം.
ആഗോള അദ്ധ്യാപക ദിനമായ ഒക്ടോബര്‍ അഞ്ചാം തിയതി ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് എങ്ങിനെയാണ് ആഗോള അദ്ധ്യാപകര്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് പഠിച്ച ഈ കുട്ടികള്‍ തന്നെയാണ് അദ്ധ്യാപകര്‍ക്ക് ഒരു പൂന്തോട്ടം എന്ന ആശയം നടപ്പിലാക്കിയത്.
സ്കൂള്‍ ഉച്ച ഭക്ഷണത്തിനു പാചകം ചെയ്യുന്ന കഞ്ഞിയില്‍ നിന്നും കിട്ടുന്ന കഞ്ഞി വെള്ളവും, സ്കൂളില്‍ വായിക്കാന്‍ വരുത്തുന്ന പഴയ പത്രക്കടലാസും ഉപയോഗിച്ച് പരിസ്ഥ്തിസൌഹാര്‍ദ്ദ ചെടിച്ചട്ടി സ്വയം ഉണ്ടാക്കിയാണ് ഈ കുട്ടികള്‍ ആഗോള അദ്ധ്യാപകര്‍ക്കായി തോട്ടം ഉണ്ടാക്കിയത്. സ്കൂളില്‍ നട്ട ഈ തൈ ചെടികള്‍ പിന്നീട് പിറവത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേയ്ക്ക് പറിച്ചു നട്ടു. പഞ്ചായത്ത് അധികൃതരെയും, നാട്ടുകാരെയും ക്ഷണിച്ചു, ഒരു ആഘോഷം നടത്തി തോട്ടത്തിനു പേരിടുവാനും, ആ തോട്ടത്തില്‍ ടൂറിസ്റ്റുകളെ ക്ഷണിച്ചു വരുത്തി അദ്ധ്യാപക പൂന്തോട്ടത്തെ ആഗോള ടൂറിസം മാപ്പില്‍ അടയാളപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. ടൂറിസം കേന്ദ്രമായാല്‍ അവിടെ കുട്ടികളുടെ സംഗീതം, നൃത്തം എന്നിവ ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും, സന്ദര്‍ശകരോട് ഇടപഴകി നമ്മുടെ നാടിന്‍റെ ടൂറിസം പ്രചാരകരാകാനും ഈ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.
മികവിന്‍റെ കേന്ദ്രം
ഇക്കൊല്ലത്തെ ഫ്ലവര്‍ഷോയില്‍ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു ഞങ്ങളുടെ സ്കൂള്‍. ഫ്ലവര്‍ഷോ സംഘാടകരുടെ സഹകരണത്തോടെയാണ് സ്കൂളിനു ഒരു സ്ടാള്‍ സൌജന്യമായി അനുവദിച്ചു കിട്ടിയത്. ചെടികള്‍ നട്ട്മുളപ്പിക്കാന്‍ പ്ലാസ്റ്റിക് ഗ്രോ ബാഗുകള്‍ ഉപയോഗിക്കുന്നതിനു പകരം പഴയ പത്രക്കടലാസും, കഞ്ഞി വെള്ളവും മാത്രം ഉപയോഗിച്ചു ഗ്രോ ബാഗുകള്‍ ഉണ്ടാക്കാമെന്നും, അത് നേരിട്ട് മണ്ണില്‍ കുഴിച്ചിടാമെന്നും സന്ദര്‍ശകരെ പഠിപ്പിച്ചു, ഈ കുട്ടിക്കൂട്ടം.
വീട്ടിലിരുന്നു ജോലി ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് കടലാസ് ഗ്രോ ബാഗ് നിര്‍മാണം എല്ലാവരെയും പരിശീലിപ്പിക്കുകയാണ് ഈ കുട്ടികളുടെ പ്ലാസ്റ്റിക് വിരുദ്ധ മുന്നണി.
കുട്ടികള്‍ സ്കൂളിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉണ്ടാക്കുന്ന അലക്കാനും, കുളിക്കാനും ഉപയോഗിക്കുന്ന സോപ്പ്, പാത്രം കഴുകാനുള്ള ദ്രവ സോപ്പ്, ഇവര്‍ ഉണ്ടാക്കുന്ന കര കൌശല വസ്തുക്കള്‍ എന്നിവ എല്ലാ രണ്ടാം ശനിയാഴ്ചയും സ്കൂളില്‍ തന്നെ ഒരു വില്‍പ്പനാദിനം നടത്തി വില്‍ക്കാന്‍ സ്വപ്നം കാണുകയാണ് ഇവര്‍.
അമ്മമാരെ സഹായിക്കാനായി, കുടുംബശ്രീ ഉല്‍പ്പന്നങ്ങളും ഇതോടൊപ്പം വില്‍ക്കാം. ഇക്കഴിഞ്ഞ ക്രിസ്മസ് നവവത്സര മേളയില്‍, കുടുംബശ്രീയുടെ കാരറ്റ് കേയ്ക് വാങ്ങി, കാരറ്റ്ന്‍റെ ഗുണഗണങ്ങളെക്കുറിച്ച് സംസാരിച്ച വീഡിയോ പിടിച്ചിട്ടുണ്ട് ഇവിടത്തെ കുട്ടികള്‍. കുടുംബശ്രീയുമായി സഹകരിച്ചു, സ്കൂള്‍ വിക്കിയില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വീഡിയോകള്‍ അപ്പ് ലോഡ് ചെയ്ത്, കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ബിസിനസ് അംബാസഡര്‍ ആവാന്‍ പഠിക്കുകയാണ് ഇവര്‍.
പഠനത്തോടൊപ്പം കച്ചവടവും, വിപണനവും, കണക്കും ഒക്കെ കളികളായി മാറുന്നു ഇവര്‍ക്ക് മുന്നില്‍. എല്ലാ രണ്ടാം ശനിയാഴ്ചയും ഒരു വില്‍പ്പനാദിനം ആചരിച്ച്, അടുത്തുള്ള വീടുകളിലെ ഉല്‍പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ എന്നിവ സ്കൂളുമായി സഹകരിച്ച് വില്‍ക്കുന്ന പരിപാടി,
എല്ലാ സ്കൂളുകള്‍ക്കും അനുകരിക്കാവുന്ന ഒരു മികവു കേന്ദ്ര രീതിയാണ് എസ്. ആര്‍. വി. സ്കൂള്‍ അവതരിപ്പിക്കുന്നത്.
ഹരിതകേരളം പ്രചാരണം
അന്തര്‍ ദേശീയ തലത്തില്‍ ഹരിത കേരളം പ്രചരിപ്പിക്കുന്ന ഈ കുട്ടികള്‍, വിദേശികളുമായി കൂട്ടായ പഠന ശേഷം, തങ്ങളുടെ കൂട്ടുകാരുടെയും, അവരുടെ സ്കൂളുകളുടെയും പേരില്‍ മരം നടുന്നു. അവര്‍ അന്നാട്ടില്‍ ഈ കുട്ടികളുടെ പേരില്‍ മരം നടുന്നു. കേരളത്തില്‍ ഒരിഞ്ചു ഭൂമി പോലും തരിശായി കിടക്കാന്‍ അനുവദിക്കില്ല എന്ന വാശിയിലാണ് ഈ മിടുക്കന്മാര്‍.
കളികളിലൂടെ പഠനം നടത്താന്‍ ഇവരെ സൌജന്യമായി സഹായിക്കുന്നത് വിമന്‍ ഓഫ്എ വിക്കി സന്നദ്ധ സേവകരാണ്.
ഹലോ ലിറ്റില്‍ വേള്‍ഡ് സ്കൈപെഴ്സ്, UNESCOയുടെ വിക്കി എജ്യുകേറ്റര്‍ എന്നീ അദ്ധ്യാപക സംഘടനകളും സന്നദ്ധ സേവകരായുണ്ട്. ലോകത്തിനു തന്നെ അനുകരണീയമായ രീതിയില്‍ SRV സ്കൂള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞു, ഈ സ്കൂളിനെ അനുകരിക്കാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നതിനായി ആഗോള ഡോക്യുമെന്‍ടറി ചലച്ചിത്രകാരനായ Shaison Antony ഈ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു.
പൌരാണികമായ ഈ സ്കൂളിന്‍റെ സല്‍പ്പേര് ആഗോള തലത്തില്‍ പ്രചരിപ്പിക്കാന്‍ ഈ മികവിന്‍ കേന്ദ്രത്തിനു കഴിയട്ടെ.
നെക്സ്റ്റ് ജനറേഷന്‍ ഗ്ലോബല്‍ എജ്യുകേഷന്‍ ഡയറക്ടര്‍ Tracy Hanson ന്‍റെ മേല്‍നോട്ടത്തില്‍ മേല്‍പ്പറഞ്ഞ ചലച്ചിത്ര ചിത്രീകരണം ഫെബ്രുവരിയില്‍ നടക്കും. ഇന്ത്യ റിപബ്ലിക് ദിന ആഘോഷത്തില്‍ ഞങ്ങളോടൊപ്പം ഓണ്‍ലൈനില്‍ പങ്കെടുക്കുമ്പോള്‍ Tracy Hanson നേരിട്ട് അറിയിച്ചതാണ് ഈ സന്ദേശം.
No comments:
Post a Comment
Thank you for your comment.
Sujathambika, or staff of SRVD UP School will read and approve your comment at their earliest.
Our students feel even more motivated as they read your feedback. Thanks again.